കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഡോ.എം.കെ.മുനീറിനെതിരേ അതിരൂക്ഷ കടന്നാക്രമണവുമായി ലീഗ് അനുകൂല ഇ.കെ. സുന്നിവിഭാഗത്തിന്റെ മുഖപ്രസിദ്ധീകരണം. മുനീറും അദ്ദേഹം ചെയര്‍മാനായ ഇന്ത്യാവിഷന് ചാനലും സമുദായത്തിനും പാര്‍ട്ടിക്കും പൊതുസമൂഹത്തിനും വിനയാണെന്നു വാദിക്കുന്ന ലേഖനങ്ങളുമായാണ് സുന്നീ പ്രസിദ്ധീകരണമായ ‘സുന്നി അഫ്കാര്‍’ പുതിയ ലക്കം തയ്യാറായിരിക്കുന്നത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇതിന്റെ മാനേജിംഗ് ഡയറക്ടര്‍.
ഏപ്രില്‍ എട്ട് വെള്ളിയാഴ്ച വിപണിയില്‍ ഇറങ്ങുന്ന ‘സുന്നി അഫ്കാര്‍’ ലക്ഷത്തോളം തപാല്‍ വരിക്കാരുള്ള പ്രസിദ്ധീകരണമാണ്. തെരഞ്ഞെടുപ്പു ദിനമായ ഏപ്രില്‍ 13-നു വരിക്കാരുടെ കയ്യില്‍ എത്തുന്ന വിധമാണ് അയയ്ക്കുക. ഈ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്ന തീയതിയും ഏപ്രില്‍ 13 ആണ്. എന്നാല്‍ അപകടം മുന്‍കൂട്ടി അറിഞ്ഞ മുനീര്‍ മാസിക പുറത്തിറങ്ങാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തി. അതിനു പ്രസാധകര് വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് വിപണിയിലും തപാല്‍ വരിക്കാര്‍ക്കും എത്തുന്നത് വൈകിപ്പിക്കാനാണു ശ്രമം. ലീഗ് മുഖപത്രം ചന്ദ്രികയുടെ പാലക്കാട് ബ്യൂറോ ചീഫ് എന്‍എഎം ജാഫറും ഇന്ത്യാവിഷന് തുടങ്ങുന്നതിനു മുഖ്യ പങ്കുവഹിച്ച ഹസന് ചേളാരിയും എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.കുഞ്ഞിമ്മൂസയും ഉള്‍പ്പെടെയുള്ളവരാണ് മുനീറിനെയും ഇന്ത്യാവിഷനെയും ഇഞ്ചോടിഞ്ച് കടന്നാക്രമിക്കുന്നത്. മുനീര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഒലീവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിവാദ പുസ്തകം ‘ഇസ്ലാമും സ്ത്രീകളും’ സുന്നി അഫ്കാറില്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നുമുണ്ട്. മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഖാന് ഷാജഹാന് ഈ പുസ്തകത്തിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണെന്നതും ശ്രദ്ധേയം.
നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ എത്രത്തോളം നമ്മുടേതാണ് എന്നാണ് കവര്‍ സ്റ്റോറിയുടെ തലക്കെട്ട്. പ്രധാനമായും മുനീര്‍ തന്നെയാണ് ഉന്നം. ‘ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട ചിലതൊക്കെ പാര്‍ട്ടിക്കാര്യങ്ങളാകാമെങ്കിലും എല്ലാം അങ്ങനെയല്ല. സമുദായ രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നവര്‍ക്ക് അവരുടെ സ്ഥാപനങ്ങളെയും സമുദായത്തിന്റെ കൂടെ നിര്‍ത്താനുള്ള ബാധ്യതയുണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളിലും മതപ്രസ്ഥാനങ്ങളിലും ഇരട്ട വ്യക്തിത്വമുള്ളവര്‍ത്ത് തങ്ങളുടെ പ്രാതിനിധ്യത്തെ വഹിക്കാന്‍ പ്രയാസമായിരിക്കും. മതമായാലും രാഷ്ട്രീയമായാലും തങ്ങള്‍ നിലകൊള്ളുന്ന വിഭാഗത്തോടായിരിക്കണം അവരുടെ ആത്യന്തിക പ്രതിബദ്ധത…’ മുനീറിനെ വ്യക്തമായും പ്രതിക്കൂട്ടില്‍ നിര്‍ത്തി സുന്നി അഫ്കാര്‍ എഴുതുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ചു വാചാലരാകുന്ന സിപിഎമ്മില്‍ പോലും സംഭവിക്കാത്ത ഇരട്ട വ്യക്തിത്വം എന്നുമുണ്ട് വിമര്‍ശനം.
ഇസ്്ലാമും സ്ത്രീകളും എന്ന പുസ്തകം വിവാദമായപ്പോള്‍, തങ്ങള്‍ നേരത്തേ പിന്‍വലിച്ചതാണ് ഈ പുസ്തകം എന്ന് സര്‍ക്കുലേഷന്‍ മാനേജരുടെപേരില്‍ ഒരു പത്രക്കുറിപ്പ് വരികയല്ലാതെ അതിന്റെ മുഖ്യസാരഥ്യം വഹിക്കുന്ന ചെയര്മാന് ഡോ.എം.കെ.മുനീര്‍ ഒരക്ഷരം പ്രതികരിക്കാത്തത് സമുദായം ശ്രദ്ധിക്കുന്നുണ്ട് എന്നെങ്കിലും കരുതുന്നത് നന്നായിരിക്കുമെന്ന് താക്കീതു ചെയ്യുന്നുമുണ്ട്.
‘ഇന്ത്യാവിഷന് : പൊള്ളയായ എഡിറ്റോറിയല്‍ വിപ്ലവം’ എന്നാണ് എന്‍എഎം ജാഫര്‍ എഴുതിയ ലേഖനത്തിന്റെ ഹെഡ്ഡിംഗ്. സൂചനപോലെതന്നെ ചാനലിനെ വെട്ടിക്കീറി പരിശോധിക്കുന്നുണ്ട് മുന്‍ ഇന്ത്യാവിഷന് സീനിയര്‍ റിപ്പോര്‍ട്ടര്‍ കൂടിയായ ജാഫര്‍. കേരളത്തിലെ മാധ്യമ- രാഷ്ട്രീയ രംഗങ്ങളില്‍ വിവാദമായേക്കാവുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്. സമുദായത്തിന്റെ താല്പര്യമാണ് ഇന്ത്യാവിഷന് പരിഗണിക്കേണ്ടിയിരുന്നതെന്ന് റിപ്പോര്‍ട്ടിനൊപ്പമുള്ള അഭിമുഖത്തില്‍ ഹസന് ചേളാരി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട് നേരത്തേ മറ്റൊരു പ്രമുഖ മലയാളം വാരികയില്‍ മുനീര്‍- ഹസന് ചേളാരി സംവാദം നടന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വാര്‍ത്താവൈറസുകളുടെ പ്രചാരകന്മാര് എന്ന കുഞ്ഞിമ്മൂസയുടെ റിപ്പോര്‍ട്ടും മുനീറിനെയും ഇന്ത്യാവിഷനെയും വിമര്‍ശനാത്മകമായി സമീപിക്കുന്നു.
ഇ.കെ.സുന്നി വിഭാഗത്തിലെ നേതാക്കളായ പ്രൊഫ.കെ.ആലിക്കുട്ടി മുസ്്ലിയാര്‍ ( ചീഫ് എഡിറ്റര്‍), പി.പി.മുഹമ്മദ് ഫൈസി ( എക്സിക്യുട്ടീവ് എഡിറ്റര്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ( ജനറല്‍ മാനേജര്‍) തുടങ്ങിയവരാണ് ഹൈദരലി തങ്ങളെക്കൂടാതെ സുന്നി അഫ്കാര്‍ മാനേജ്മെന്റിലുള്ളത്. ഇവരൊക്കെ അറിഞ്ഞുതൊണ്ടുതന്നെ താന്‍ കടുത്ത വിമര്‍ശനത്തിനു വിധേയനാകുന്നത് ഇപ്പോള്‍ പുറത്തെത്തിയാല്‍ തെരഞ്ഞെടുപ്പില്‍ അതു ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് മുനീറിന്റെ ഇടപെടലിനു പിന്നിലെന്നാണു സൂചന.
വലുതാക്കി വായിക്കാന്‍ താഴെയുള്ള പേജില്‍ ക്ലിക്ക് ചെയ്യുക